From . home to . com


ഡോട് കോം മുതല്‍ ഡോട് ഹോം വരെ

ഇനി എല്ലാം അങ്ങനെയാവും. എന്താണ് എന്തിനാണ് എന്നൊരു വിശദീകരണം വേണ്ടി വരില്ല വെബ്ബില്‍. ഡൊമെയ്ന്‍ എക്‌സ്റ്റന്‍ഷന്‍ കാണുമ്പോള്‍ തന്നെ കാര്യം പിടികിട്ടും. അത്തരത്തിലുള്ള സ്‌പെഷലൈസേഷനോടുകൂടിയ വെബ്‌സൈറ്റ് ഡൊമെയ്ന്‍ എക്‌സ്റ്റന്‍ഷനുകളാണ് വരുന്നത്. ഉദാഹരണത്തിന് മുത്തച്ഛന്‍.rip എന്ന സൈറ്റ് കണ്ടാല്‍ മുത്തച്ഛന്‍ തട്ടിപ്പോയി എന്നും കുഴിത്തറ.home എന്നു കണ്ടാല്‍ ഏതോ തറവാടി സ്വന്തം കുടുംബമഹത്വം വിളമ്പാന്‍ തുടങ്ങിയ സൈറ്റാണന്നും മനസ്സിലാക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡോട് കോമില്‍ നിന്നു തുടങ്ങിയതാണ്. ഓരോ രാജ്യത്തിനും സൗകര്യപ്രദമായ രീതിയില്‍ രാജ്യനാമത്തെ സൂചിപ്പിക്കുന്ന .in, .pk, .ca തുടങ്ങിയ ഡൊമെയ്‌നുകളും വാണിജ്യ-വ്യാപാര രംഗത്തെ സഹായിക്കുന്നതിനായി .biz, .tv, org, .travel ഡൊമെയ്‌നുകളും വന്നു. ഏറെ വിവാദങ്ങള്‍ക്കു ശേഷം അശ്ലീല വെബ്‌സൈറ്റുകള്‍ക്കു മാത്രമായി .xxx ഡൊമെയ്‌നുകളും നിലവില്‍ വന്നു. ഇനി വരാനിരിക്കുന്നത് സര്‍ഗാത്മക ഡൊമെയ്‌നുകളാണ്. ഡൊമെയ്ന്‍ വിലാസങ്ങളുടെ രാജ്യാന്തര അതോറിറ്റിയായ ഐകാന്‍ (ICANN) ഇനി പരിഗണിക്കുന്ന ഡൊമെയ്ന്‍ എക്സ്റ്റന്‍ഷനുകള്‍ വൈവിധ്യമാര്‍ന്നതാണ്.
ഇനി അംഗീകാരം കാത്തിരിക്കുന്ന ഡൊമെയ്ന്‍ എക്സ്റ്റന്‍ഷനുകളില്‍ .design, .style, .rip, .sucks, .lol തുടങ്ങിയവയെല്ലാമുണ്ട്. സ്‌പെഷലൈസ്ഡ് ഡൊമെയ്‌നുകള്‍ ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും ഓര്‍ത്തുവയ്ക്കാനും സേര്‍ച്ച് എന്‍ജിനുകള്‍ക്ക് തരംതിരിക്കാനുമൊക്കെ അവസരമൊരുക്കുമെന്നതിനു പുറമേ, .com, .net, .org തുടങ്ങിയ പരമ്പരാഗത ഡൊമെയ്‌നുകളുടെ ലഭ്യത അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയവയുടെ പ്രസക്തി വര്‍ധിക്കുന്നുമുണ്ട്.
ഐകാന്‍ പുതിയ ഡൊമെയ്‌നുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങിയത് ജനുവരിയിലാണ്. ഇതുവരെ ലഭിച്ച ആയിരക്കണക്കിന് അപേക്ഷകളില്‍ നിന്ന് അംഗീകാരത്തിനായി 1900 ഡൊമെയ്ന്‍ അപേക്ഷകളാണ് ജൂണ്‍ 13ന് ഐകാന്‍ പരിഗണിക്കുന്നത്. അപേക്ഷയോടൊപ്പം പത്തുകോടി രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. ഒപ്പം പ്രതിവര്‍ഷം പതിനഞ്ചു ലക്ഷത്തോളം രൂപ ഫീസായും നല്‍കണം. വിവിധ ഘട്ടങ്ങളിലായി രണ്ടു ഡസനോളം ഡൊമെയ്‌നുകള്‍ക്ക് മാത്രമാണ് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇത്തവണ അംഗീകാരം നല്‍കുന്നവ കൂടി നിലവില്‍ വരുന്നതോടെ ഡൊമെയ്‌നുകളുടെ എണ്ണം നൂറുകണക്കിനാവും.
ഗൂഗിള്‍ ഉള്‍പ്പെടെ ലോകത്തെ പ്രമുഖ കമ്പനികളാണ് വിവിധ ഡൊമെയ്‌നുകള്‍ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. .google, .gay, .home, .bank തുടങ്ങി വിപുലമാണ് പരിഗണനയിലുള്ള ഡൊമെയ്‌നുകള്‍. ഗൂഗിള്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ ഗൂഗിള്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനു വേണ്ടിയാണ്. ഗൂഗിള്‍ സൈറ്റുകള്‍ ഡോട് കോമില്‍ നിന്നു ഡോട് ഗൂഗിളിലേക്ക് മാറുമെന്നു പ്രത്യാശിക്കാം. .docs, .youtube, .lol തുടങ്ങിയ ഡൊമെയ്‌നുകള്‍ക്കും ഗൂഗിള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കമ്പനികളോട് നാലു പറയുന്നതിനുള്ള ഡൊമെയ്‌നാണ് .sucks കൊണ്ടുദ്ദേശിക്കുന്നത്. മരിച്ചുപോയവരുടെ ഓര്‍മകള്‍ അനശ്വരമാക്കുന്ന വെബ്‌സൈറ്റുകള്‍ക്കും സേവനങ്ങള്‍ക്കും .rip ലഭിച്ചേക്കാം.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ .udf, .ldf, .gunda തുടങ്ങിയ ഡൊമെയ്‌നുകള്‍ക്കു ആരെങ്കിലും അപേക്ഷ നല്‍കിയിരുന്നെങ്കില്‍ ഓണ്‍ലൈന്‍ രാഷ്ട്രീയക്കാരായും കീബോര്‍ഡ് ഗുണ്ടകളായും നെറ്റില്‍ പടപൊരുതുന്ന മലയാളികള്‍ക്ക് സൗകര്യപ്പെട്ടേനെ. കേരളം ഒരു ഭ്രാന്താലയാണെന്നു താത്വികമായി ആവര്‍ത്തിക്കാതെ www.kerala.mental എന്നൊരു സൈറ്റ് തുടങ്ങി രാഷ്ട്രീയഭൂപടം മാത്രം കൊടുത്തിരുന്നെങ്കിലും സംഗതി ഇരമ്പിയേനെ.

Comments