Funs on Mullaperiyar

മുല്ലപ്പെരിയാര്‍ ഫണ്ണുകള്‍

തറവാട്ടിലെ കാരണവര്‍ തൂങ്ങി മരിക്കാന്‍ തുടങ്ങുമ്പോള്‍ അനന്തിരവന്‍ ഡോക്ടറെ വിളിക്കാന്‍ പോകുന്നത് നമുക്ക് മനസിലാക്കാം.എന്നാല്‍ പോണ പോക്കിന് കാര്യസ്ഥനെ ശവപ്പെട്ടി വാങ്ങാന്‍ വിടുന്നത് എന്തുദ്ദേശത്തിലായിരിക്കും ? കാരണവര്‍ തട്ടിപ്പോകും എന്നുറപ്പുണ്ടെങ്കില്‍ എന്തിന് വെറുതെ ഡോക്ടറെ വിളിക്കണം ? ഡോക്ടര്‍ വന്നു പരിശോധിക്കും വരെ കാരണവര്‍ കിടക്കുമെങ്കില്‍ എന്തിന് ശവപ്പെട്ടി വാങ്ങണം ? ഡോക്ടര്‍ വരുന്നതിനു മുമ്പ് കാരണവര്‍ തട്ടിപ്പോകാനുള്ള സാധ്യത പരിഗണിച്ചാണെങ്കില്‍ ആ കരുക്കില്‍ നിന്ന് അങ്ങേരെ ഇറക്കി കിടത്തിയിട്ട് പൊയ്‍ക്കൂടേ ?
ഇതെന്ത് കോപ്പിലെ സംശയമാണ് എന്നു ചോദിക്കരുത്.മുല്ലപ്പെരിയാര്‍ പ്രശ്‍നത്തില്‍ കേന്ദ്രം ഇടപെടുന്നത് കാത്തിരിക്കുമ്പോള്‍ തന്നെ ഡാമിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാതെ കേരളം ദുരന്തനിവാരണത്തിന് പൊലീസിനെയും മറ്റും ഒരുക്കുകയാണ്.ഇടുക്കിയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം,ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു പദ്ധതി,വെള്ളത്തില്‍ മുങ്ങിപ്പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കല്‍,ഇത്രേം കാത്തിരിപ്പും ഒരുക്കങ്ങളും നടത്തിയിട്ട് പൊട്ടിയില്ലെങ്കില്‍ ഡാമിനു പോലും കുറ്റബോധം തോന്നുന്ന സാഹചര്യം.ബാക്കി വരുന്നിടത്തു വച്ചു കാണാം എന്നു തീരുമാനിച്ച് ഡാമിലെ വെള്ളം തുറന്നുവിടാനുള്ള ചങ്കുറപ്പിനെക്കാള്‍ 30 ലക്ഷം (പുതിയ കണക്ക് 50 ലക്ഷമാണ്) ജനങ്ങള്‍ക്ക് കുഴിവെട്ടാനുള്ള കഠിനാധ്വാനം കേരളത്തെ ഒരു കാര്‍ട്ടൂണ്‍ സ്‍ട്രിപിലേക്ക് ചുരുക്കുകയാണ്.
എല്ലാറ്റിനെയും വളരെ ഫണ്ണി ആന്‍ഡ് സണ്ണി ആയി കാണാനുള്ള കഴിവ് ദൈവം തമ്പുരാന്‍ മലയാളിക്ക് പ്രത്യേകമായി കൊടുത്തിട്ടുള്ളതാണ്.മുല്ലപ്പെരിയാര്‍ തലയ്‍ക്കു മുകളില്‍ പൊട്ടാന്‍ നില്‍ക്കുമ്പോഴും നമുക്കത് പറഞ്ഞ് ചിരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.അതിവൈകാരിതയുമില്ല ആവശ്യത്തിനു പക്വതയുമില്ല എന്നൊരു മട്ട്.
ഇനി ഞാന്‍ പറയുന്നത് മല്ലൂസിനെപ്പറ്റിയല്ല.തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടവന്‍ ഫലിതബിന്ദുക്കള്‍ വായിച്ചു ചിരിക്കുന്നത് അവന്റെ സൗകര്യമാണ്.എന്നാല്‍,അവനെപ്പറ്റിയുള്ള ഫലിതങ്ങളുമായി ബിന്ദുക്കള്‍ ഇറങ്ങിയാല്‍ അത് അക്രമമാണ്.മുല്ലപ്പെരിയാര്‍ വിഷയം നമ്മള്‍ സരസമായോ സീരിയസ്സായോ ഒക്കെ എടുത്തെന്നിരിക്കും,അതുകണ്ട് അതിനെ അതേ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ മറ്റുളളവരും തീരുമാനിക്കുമ്പോള്‍ നമുക്കിട്ടുള്ള പണി നമ്മളായിട്ടു തന്നെ ചോദിച്ചുവാങ്ങിയതുപോലെയാണ്.
നമ്മളിത്രേം മലയാളികള്‍ ഇത്ര വികാരം കൊള്ളുന്ന ഈ വിഷയത്തെപ്പറ്റി ഇന്റര്‍നെറ്റില്‍ നടന്നിരിക്കുന്ന സേര്‍ച്ചുകളെപ്പറ്റി ഗൂഗിള്‍ ട്രെന്‍ഡ്‍സില്‍ ഒന്നു പരിശോധിച്ചു.സന്തോഷ് പണ്ഡിറ്റ് എന്ന പേര് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തിച്ച നമുക്ക് മുല്ലപ്പെരിയാറിനെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.പക്ഷെ,ഗൂഗിളിന്റെ ട്രെന്‍ഡ് ഗ്രാഫിന്റെ ഉദ്ധാരണശേഷിയെ കാര്യമായൊന്നും സ്വാധീനിച്ചിട്ടില്ല മുല്ലപ്പെരിയാര്‍.സന്തോഷ് പണ്ഡിറ്റ് സ്വാധീനിച്ചിട്ടുള്ളതുപോലെ മുല്ലപ്പെരിയാര്‍ വിഷയം മലയാളിയെ സ്വാധീനിച്ചിട്ടില്ല എന്നു ചുരുക്കം.എന്നാല്‍ ആദ്യ പത്തില്‍ kanimozhi bail,dhanush,chennai weather തുടങ്ങിയ തമിഴ്‍ സംഗതികള്‍ തിളങ്ങുന്നുണ്ട്.kolaveri song പന്ത്രണ്ടാം സ്ഥാനത്തുണ്ട്.ഡാം ദുരന്തത്തെക്കാള്‍ ഭീകരമെന്നു പലരും വിശേഷിപ്പിച്ച dam 999 ഇരുപതാം സ്ഥാനത്തുണ്ട്,എന്നിട്ടും യഥാര്‍ഥ പ്രശ്നമായ മുല്ലപ്പെരിയാല്‍ ആ പരിസരത്തെങ്ങുമില്ല.
സേര്‍ച്ച് ചെയ്തിട്ടില്ല എന്നു കരുതി വാര്‍ത്ത വാര്‍ത്തയല്ലാതാവുന്നില്ലല്ലോ.വന്നിരിക്കുന്ന വാര്ത്തകള്‍ നോക്കിക്കളയാം എന്നു കരുതി ഗൂഗിള്‍ ന്യൂസില്‍ കയറി.ടോപ് സ്റ്റോറീസില്‍ ഏറ്റവും ആദ്യഭാഗത്തു തന്നെ ഞാന്‍ പ്രതീക്ഷിച്ചു.Sachin Tendulkar,United Liberation Front of Asom, Ajmal Kasab, Ricky Ponting, David Headley, Rafael Nadal, Virender Sehwag, AT&T, Rani Mukerji, Andre Villas-Boas- മുല്ലപ്പെരിയാറിനു പ്രധാനവാര്‍ത്തകളിലെവിടെയും സ്ഥാനമില്ല.50 ലക്ഷം ജനങ്ങളുടെ ജീവന്റെ പ്രശ്നമാണെങ്കിലും ദുരന്തം സംഭവിക്കുന്നത് വരെ ഇത് ലോക്കല്‍ ഇഷ്യു ആണ്.സാരമില്ല, അന്തര്‍ സംസ്ഥാന പ്രശ്നം ആയതുകൊണ്ട് ഇന്ത്യ എന്ന സെക്ഷനില്‍ ഉണ്ടാകാതെ തരമില്ലല്ലോ.
ഇന്ത്യ സെക്ഷനെടുത്തു.United Liberation Front of Asom,David Headley,Sharad Pawar,Kishenji,Rahul Gandhi,Meghalaya,Baba Ramdev,Nitish Kumar,Syed Ali Shah Geelani,J Dey- മുല്ലപ്പെരിയാര്‍ ഇന്ത്യാവാര്‍ത്തകളില്‍ എത്തിയിട്ടില്ല.ഭയപ്പെടുന്നത് സംഭവിച്ചാല്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ ഡാം ദുരന്തം ആകുമെന്നാണ് പറയുന്നത്.അപ്പോള്‍ വേള്‍ഡ് സെക്ഷനില്‍ ഉണ്ടാവും എന്നു കരുതി,പരിശോധിച്ചു.Syria,Yemen,Mali,Burma,Hamas,Egypt,Israel,Hamid Karzai,Libya,Ashfaq Parvez Kayani-മുല്ലപ്പെരിയാര്‍ ലോകവും ഉറ്റുനോക്കുന്നില്ല.
ബാംഗ്ലൂരും ഹൈദരാബാദിലുമാണ് ഗൂഗിളിന്റെ ഓഫിസുകള്‍.അവന്മാര്‍ക്ക് കൊച്ചി ഇന്‍ഫോപാര്‍ക്കിലൊരു ഓഫിസ് ഇട്ടുകൊടുത്തിരുന്നെങ്കില്‍ സംഗതി എവിടെച്ചെന്നേനെ എന്നു ഞാനാലോചിച്ചു.ഗൂഗിളിലേക്കു വിളിച്ച് രണ്ടു വര്‍ത്താനം പറയാമെന്നു കരുതി നമ്പര്‍ ഡയല്‍ ചെയ്തപ്പോള്‍ ഒരാലോചന.ഫോണ്‍ താഴെ വച്ചു.ഇതൊരുതരം റിയാലിറ്റി ഷോ എന്ന മട്ടില്‍ ആസ്വദിക്കുന്നവരുമുണ്ടല്ലോ എന്നു കരുതി വെറുതെ എന്റര്‍ടെയ്‍ന്‍മെന്റ് (വിനോദം) സെക്ഷനില്‍ ക്ലിക്ക് ചെയ്തു.
ഞെട്ടിയില്ല,ചെറിയൊരു കുളിരുണ്ടായി.Rani Mukerji,Sushil Kumar,Bollywood,Adam Sandler,Sunny Leone,Mullaperiyar Dam,Desi Boyz,Rajinikanth,Shahid Kapoor,Salman Khan- തുണ്ടുപട നടി സണ്ണി ലിയോണിന്റെയും ഹിന്ദി പ്രചാര്‍ ചലച്ചിത്രം ദേസി ബോയ്‍സിന്റെയുമിടയില്‍ ഷക്കീലപ്പടത്തിലെ നായകനെപ്പോലെ കിടക്കുകയാണ് നമ്മുടെ മുല്ലപ്പെരിയാര്‍. രജനീകാന്ത്,ഷാഹിദ് കപൂര്‍,സല്‍മാന്‍ ഖാന്‍ തുടങ്ങി കുറെ കുണ്ടന്മാര്‍ താഴെയും.എനിക്കു തൃപ്തിയായി.ഓരോ ജനതയ്‍ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും എന്നേതോ മഹാന്‍ പറഞ്ഞതുപോലെ ഓരോ വാര്‍ത്തയ്‍ക്കും അതര്‍ഹിക്കുന്ന പരിഗണന തന്നെ ലഭിക്കും എന്ന വെളിപാട് ഈ ഫണ്ണി ഇഷ്യുവിനെ വളരെ സീരിയസ്സായി സമീപിച്ചതില്‍ കുറ്റബോധമാണ് പകര്‍ന്നു തന്നത്.
കുറ്റബോധം തോന്നിത്തുടങ്ങിയതുകൊണ്ട് ഇനി എഴുതുന്നതെല്ലാം യാന്ത്രികമാകാന്‍ സാധ്യതയുണ്ട്.

Comments