ആരും മഹാത്മക്കളായി ജനിക്കുന്നില്ല
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ രതിമൂര്‍ഛയാണ് കഴിഞ്ഞത്. തികഞ്ഞ അയോഗ്യന്മാരായ നേതാക്കളുടെ ശേഷിക്കുറവും അവിഹിതബന്ധങ്ങളും കൊണ്ട് പൊറുതിമുട്ടിയ ജനാധിപത്യം സടകുടഞ്ഞെണീക്കുകയാണ്. അണ്ണാ ഹസാരെ ഒരു പ്രതീകമാണ്. വിജയം അദ്ദേഹത്തോടൊപ്പം അണി ചേര്‍ന്ന ജനക്കൂട്ടത്തിന്റേതാണ്. അപ്പോഴും സെക്കന്‍ഡ് ഗാന്ധിയെന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കാനും പൂജിക്കാനുമല്ലാതെ സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ ജനത്തിനു മനസ്സില്ല എന്നതു വിചിത്രം തന്നെ.
വയസ് 72 ഉണ്ടെങ്കിലും ഈ രണ്ടാം ഗാന്ധിയെ ഇന്ത്യ ശരിക്കും പരിചയപ്പെടുന്നത് ഇപ്പോഴാണ്. ഒരു പഴയ പട്ടാളക്കാരന്‍ സൂപ്പര്‍ ഹീറോയായി ഉയര്‍ന്നത് ഒറ്റ ദിവസം കൊണ്ടല്ല. അദ്ദേഹം തിരിച്ചറിയപ്പെടാതെ കിടന്ന മാണിക്യവുമല്ല.ഇതേ അഴിമതിസമൃദ്ധമായ ഭരണകൂടങ്ങള്‍ 1990ല്‍ പത്മശ്രീയും 92ല്‍ പത്മഭൂഷണും നല്‍കി ആദരിച്ച അണ്ണാ ഹസാരെ പുതിയ അവതാരമല്ല, മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സ്വപ്നം കാണുന്ന, അതിനായി പ്രയത്നിക്കുന്ന യഥാര്‍ത്ഥ ഗാന്ധിയനാണ് അദ്ദേഹം.
ഇന്ന് നമ്മള്‍ ഉദ്ഘോഷിക്കുന്ന വിവരാവാകാശനിയമം മുതല്‍ ജനാധിപത്യത്തിന്റെ സുതാര്യതയ്‍ക്കായി അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള സഹനസമരങ്ങള്‍ അനവധിയാണ്. ഇത് നമ്മുടെ അണ്ണനല്ലേ എന്ന ലാഘവത്തോടെ പലരും അണി ചേരുന്നുണ്ടെങ്കിലും ആരാണ് അണ്ണാ ഹസാരെ എന്ന് ആദ്യമായി മനസിലാക്കുന്നവരാണ് പലരും എന്നത് സത്യം. അല്‍പജ്ഞാനിയും ദോഷൈദൃക്കുമായ ഞാന്‍ അണ്ണാ ഹസാരെയെപ്പറ്റി ഇതിനു മുമ്പ് കേട്ടിട്ടേയില്ല.
രാഷ്ട്രീയനേതാക്കന്മാര്‍ തന്ത്രപൂര്‍വം ഒഴിവാക്കിക്കൊണ്ടിരുന്ന, രാജ്യത്തെ പൊതുപ്രവര്‍ത്തനരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തമായ ബില്‍ നിയമമാകാന്‍ പോകുന്നു എന്നത് ആവേശകരമാണ്. എന്നാല്‍, ഭരണകൂടത്തെ മുട്ടുകുത്തിച്ചു എന്നുള്ള ചില പ്രചരണങ്ങളാണ് എനിക്കു മനസ്സിലാവാത്തത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നു പറയുമ്പോള്‍ ഇത്തരം സമരങ്ങളും ആ സമരങ്ങളിലൂടെ ഉണ്ടാകുന്ന സമവായങ്ങളും അതിന്റെ ഭാഗമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സമരം ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തികച്ചും പ്രതീക്ഷാനിര്‍ഭരമായ നടപടികളിലൂടെ മുന്നോട്ടു വന്ന സര്‍ക്കാര്‍ മുട്ടുകുത്തുകയോ തോല്‍വി സമ്മതിക്കുകയോ അല്ല, പ്രസ്തുത നടപടിയിലൂടെ ജനാധിപത്യമൂല്യങ്ങളോടു ആദരവു പ്രകടമാക്കുകയാണ് ചെയ്തത് എന്നു ഞാന്‍ വിശ്വസിക്കുന്നു, തെക്കും പടിഞ്ഞാറും നോക്കി, നോക്കേടോ ഞങ്ങടെ ഇന്ത്യയെ എന്നു പറയാനാണ് തോന്നുന്നത്.
ഈജിപ്തിലും യെമനിലും മറ്റും നടക്കുന്ന ജനകീയപ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയാണിതെന്നും സോഷ്യല്‍ മീഡിയയിലൂടെ യുവജനത വിപ്ലവകാവ്യം രചിക്കുന്നു എന്നുമൊക്കെ വിശേഷിപ്പിക്കുന്നതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ല. ഈജിപ്തിലെയും യെമനിലെയും പോലൊരു ഭരണകൂടമോ ഭരണസംവിധാനമോ അല്ല ഇവിടുള്ളത്. അഴിമതിക്കെതിരേ ശക്തമായ നിയമം ഇപ്പോള്‍ തന്നെ ഇന്ത്യയിലുണ്ട്. ബാലകൃഷ്ണപിള്ള അകത്താണ്, പിണറായി വിജയന്‍ കോടതിയിലാണ്, 2ജി രാജയും സില്‍ബന്ധികളും അഴിയെണ്ണിത്തുടങ്ങിയിരിക്കുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യമെന്നൊക്കെ വിശേഷിപ്പിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. ജനാധിപത്യത്തില്‍ ഒഴിച്ചുകൂടാനാവാത്ത തിന്മയാണ് അഴിമതി.നമുക്കിടയില്‍ നിന്ന് നമ്മള്‍ തന്നെ വളര്‍ത്തിയെടുക്കുന്നവരാണ് നമ്മുടെ പ്രതിനിധികളായി നിയമനിര്‍മാണസഭകളിലേക്കു പോകുന്നത്. അവരുടെ പോരായ്മകള്‍ അവരെ തിരഞ്ഞെടുക്കുന്നവരുതേടു കൂടിയാണ് എന്നതാണ് സത്യം.
ജനപ്രതിനിധികളുടെ പ്രതിഫലവും സൗകര്യങ്ങളും വര്‍ധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള ബില്‍ ഒറ്റ ദിവസം കൊണ്ട് നിയമമാക്കാന്‍ കഴിയുന്ന സഭാംഗങ്ങള്‍ക്ക് ഇത്തരമൊരു ബില്‍ ഇത്രത്തോളം വൈകിക്കാനുമാവുമെന്നതില്‍ വിസ്മയമില്ല. സ്വയം കുഴി തോണ്ടാന്‍ ആരും തയ്യാറാവില്ലല്ലോ. ബില്‍ നിയമമായാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ 60 ശതമാനം നേതാക്കളെങ്കിലും മിനിമം ഏഴു വര്‍ഷത്തെക്കെങ്കിലും അകത്തു പോവേണ്ടതായി വരും. അപ്പോള്‍ തീര്‍ച്ചയായും അഴിമതിയില്‍ താല്‍പര്യമില്ലാത്ത സംശുദ്ധരായ തലമുറ ഭരണരംഗത്തേക്കു കടന്നുവരേണ്ടതായും വരും.
അഴിമതിരഹിതമായ ഇന്ത്യ ഒരു സ്വപ്നമാണ്. പ്രായോഗികമായി ഇന്ത്യ ഇത്രയും പുരോഗമിച്ചത് അഴിമതി ഉണ്ടോ ഇല്ലയോ എന്നതിനെക്കാള്‍ നല്ല നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു എന്നു വാദിക്കാം. അഴിമതിക്കാരനല്ലാത്ത നേതാവിനെ വേണോ നാടിനു ഗുണം ചെയ്യുന്ന നേതാവിനെ വേണോ എന്നൊരു ചോദ്യം വന്നാല്‍ തീര്‍ച്ചയായും ജനം തിരഞ്ഞെടുക്കുക രണ്ടാമത്തെ ഓപ്‍ഷനായിരിക്കും. അതിന്റെ അര്‍ഥം അഴിമതി പ്രോല്‍സാഹിപ്പിക്കപ്പെടണം എന്നല്ല. അഴിമതിവിരുദ്ധരായ, ആദര്‍ശധീരന്മാരായ നേതാക്കന്മാര്‍ നാടിന് വികസനമോ പുരോഗതിയോ നേടിത്തരാന്‍ പ്രാപ്തരാവണമെന്നില്ല. സംശുദ്ധനായ നിഷ്ക്രിയനെക്കാള്‍ അത്ര സംശുദ്ധനല്ലാത്ത വികസനപടുക്കളെയാണ് ഇന്ത്യയ്‍ക്ക് ആവശ്യം.അഴിമതിക്കാരല്ലാത്ത വികസനോന്മുഖികളായ നേതാക്കന്മാര്‍ വളര്‍ന്നുവരാനുള്ള സാഹചര്യമാണ് ഇവിടെ കൂടുതല്‍ അനിവാര്യമായിട്ടുള്ളത്.
പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുമ്പോള്‍, വാര്‍ത്തകളില്‍ നമ്മള്‍ കാണുന്ന വലിയ വിവാദങ്ങളാവുന്ന അഴിമതികള്‍ ഇല്ലാതാവുമെന്നു പ്രത്യാശിക്കാം. എന്നാല്‍, പെട്ടെന്നു കണ്ണില്‍പ്പെടാത്ത ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണ് മറ്റേത് രംഗത്തെക്കാള്‍ വലുത് എന്നത് ചെറിയ കാര്യമല്ല. സംശുദ്ധ പൊതുപ്രവര്‍ത്തനം പോലെ തന്നെ സംശുദ്ധ പൊതുസേവനവുമുണ്ടായാലേ ജനാധിപത്യത്തിന്റെ ഗുണങ്ങള്‍ പൂര്‍ണമായും ജനങ്ങളിലെത്തുകയുള്ളൂ. വില്ലേജ് ഓഫിസിലെ പ്യൂണ്‍ മുതല്‍ ജഡ്ജിമാര്‍ വരെ കൈക്കൂലി വാങ്ങുന്ന രാജ്യത്ത് ഇതോടെ എല്ലാം തികഞ്ഞു എന്നു കരുതി കയ്യും കഴുകിയിരിക്കുന്നത് അബദ്ധമാണ്. അണ്ണാ ഹസാരെ തുറന്നു തന്നത് ഒരു പുതിയ വഴിയാണ്. ആ വഴി തിരിച്ചറിയുന്നതിനു പകരം വഴിമുടക്കി ഹസാരെയുടെ പൂര്‍ണകായശില്‍പം സ്ഥാപിച്ച് മെഴുകുതിരി കത്തിക്കുന്നത് വിഡ്ഡിത്തമാണ്. ജനാധിപത്യം നമ്മുടെ കൈകളിലാണ്. അഴിമതിക്കെതിരായ പോരാട്ടം നയിക്കേണ്ടത് നമ്മളോരോരുത്തരുമാണ്. അണ്ണാ ഹസാരെയെ പിന്തുണയ്‍ക്കുക മാത്രമാണ് നമ്മുടെ ജോലിയെന്നു കരുതുന്നതും ഇനിയും ഇത്തരം സമരങ്ങള്‍ വന്നാല്‍ പിന്തുണയ്‍ക്കണമെന്നു തീരുമാനിക്കുന്നതുമല്ല, അദ്ദേഹം തെളിച്ചു തന്ന വിളക്കില്‍ നിന്നും ദീപങ്ങള്‍ പകര്‍ന്ന് നമ്മുടെ ചുറ്റുവട്ടത്ത് പ്രകാശിപ്പിക്കുന്നതിലൂടെയാണ് അദ്ദേഹത്തോടുള്ള കടപ്പാടും അഴിമതിരഹിത ഇന്ത്യയ്‍ക്കായുള്ള നമ്മുടെ ദാഹവും പ്രകടമാക്കേണ്ടത്.
ഹസാരെയെ വാഴ്‍ത്തിപ്പാടുകയല്ല, നമ്മുടെ ചുറ്റുവട്ടത്ത് നമുക്കെങ്ങനെ ഒരു ചെറിയ ഹസാരെ ആകാനാവും എന്നാലോചിക്കുകയും പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. അണ്ണാ ഹസാരെയെ പിന്തുണയ്‍ക്കുക എന്നു വച്ചാല്‍ അദ്ദേഹത്തെപ്പറ്റി ലേഖനങ്ങള്‍ എഴുതിവിടുകയല്ല, അദ്ദേഹം മുന്നോട്ടു വയ്‍്ക്കുന്ന ഗാന്ധിയന്‍ ആദര്‍ശത്തെ ഉള്‍ക്കൊള്ളുകയും പ്രാവ്ര്‍ത്തികമാക്കുകയുമാണ്. ഈ ആവേശം, ഈ പ്രചോദനം നമ്മുടെ ജീവിതത്തില്‍ ഉള്‍ച്ചേര്‍ക്കാനാകുന്നില്ലെങ്കില്‍ അണ്ണാ ഹസാരെക്കുറിച്ചുള്ള വാര്‍ത്തകളുടെ ഒഴുക്കു കുറയുമ്പോള്‍ നമ്മുടെ ആവേശവും കുറയും. അഴിമതിക്കെതിരേ കളത്തിലിറങ്ങിക്കളിക്കാന്‍ തന്നെ കിട്ടില്ല എന്നുറപ്പിച്ച് അടുത്ത ഹസാരെ വരട്ടെ എന്നു കരുതി വിപ്ലവത്തിന്റെ വിളക്ക് ഊതിക്കെടുത്തി കാത്തിരിക്കുന്നത് കാപട്യമാണ്. ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത ഒരു തലമുറയും പ്രക്ഷോഭങ്ങളിലൂടെ മാത്രം പുരോഗതി പ്രാപിച്ചിട്ടില്ല. ജയ് ഹിന്ദ്
Comments
Post a Comment