Mullaaaaaaa periyar


മല്ലിപ്പെരിയപുളൈ, ഇടുക്കിമലൈ, തമിഴ്‍നാട്


തമിഴ്‍നാട് പറയുന്നതുപോലെയാണ് എപ്പോഴും കാര്യങ്ങള്‍ നടപ്പാവുന്നത് എന്നിരിക്കെ ഇടുക്കി തമിഴ്‍നാടിനോടു ചേര്‍ത്തുകൊണ്ടുള്ള ഉത്തരവിനു നമ്മള്‍ കൊതിയോടെ കാത്തിരിക്കേണ്ടിയിരിക്കുന്നു. എന്തായാലും തമിഴ്‍നാടിനോടു ചേരുമ്പോള്‍ ഇടുക്കിക്ക് മൊത്തത്തില്‍ ഒരു തമിഴിസം വരുമെന്നത് ഉറപ്പാണ്.അത് എങ്ങനെയൊക്കെയായിരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെങ്കിലും തമിഴ്‍നാടിന്റെ ഒരു പൊതുസ്വഭാവം വച്ചുനോക്കുമ്പോള്‍ സ്ഥലപ്പേരുകളില്ലെങ്കിലും പ്രകടമായ മാറ്റങ്ങളുണ്ടാവും. എന്തും ഏതും തമിഴിലാക്കിയില്ലെങ്കില്‍ അവര്‍ക്കു തൂക്കം വരലൈ.ആനാല്‍ ഇടുക്കിയുടെ പ്രമാദമാന ഇടങ്ങള്‍ക്ക് നമ്മ തമിഴ്‍മക്കള്‍ ഉതൈവിയോടെ സാര്‍ത്തിക്കൊടുക്കും അരുമയാന പേരുകള്‍ കീളെ കൊടുക്കിറേനന്‍.പാര്‍ത്ത് രസിപ്പോം.
ഇടുക്കി- ഇടുക്കിമലൈ
തൊടുപുഴ- തൊടപുളൈ
മുലമറ്റം- മൂളമട്ടം
ചെറുതോണി-ചിന്നവഞ്ചി
അടിമാലി- ദണ്ഡമാലി
മൂന്നാര്‍- മൂന്‍ട്രുപുളൈ
കുരുവിള സിറ്റി- മുനിച്ചാമിപ്പട്ടണം
മുല്ലപ്പെരിയാര്‍- മല്ലിപ്പെരിയപുളൈ
ഉപ്പുതറ- ഉപ്പ്തിണ്ണൈ
കോലാഹലമേട്- ലഹളമലൈ
ആനവിലാസം- ആനൈമുകവരി
ലോവര്‍ ക്യാംപ്- കീഴ്‍പാളയം
വെള്ളത്തൂവല്‍- തണ്ണിയിറക്
കട്ടപ്പന- കട്ടൈപണൈ
ഇത് സാംപിളിനു ചിലതു മാത്രം. ഇതുപോലെ മറ്റുള്ള സ്ഥലപപ്പേരുകളും തമിഴിലേക്കു മാറ്റേണ്ടതായി വരും.അതൊരു വലിയ ജോലിയായിരിക്കുമെന്നതിനാല്‍ ഔട്ട്സോഴ്സ് ചെയ്തു പിടിച്ചാല്‍ ഭാഷാവിദഗ്ധര്‍ക്കു കശുണ്ടാക്കാം. ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല,ഈ ട്രാന്‍സ്‍ലേഷന്‍ വേണ്ടി വരിക.രാഷ്ടീയത്തിലും സംസ്കാരത്തിലുമെല്ലാം ഇത് പ്രാബല്യത്തില്‍ വരും.
പതിനാറാം നൂറ്റാണ്ടില്‍ പൂഞ്ഞാര്‍ രാജ്യത്തിനു കീഴിലുള്ള സ്ഥലമായിരുന്നു ഇടുക്കി എന്നതിനാല്‍ പൂഞ്ഞാറിന്റെ യുവരാജാവ് പി.സി.ജോര്‍ജ് അറിയാതെ ഒരു വരയാടു പോലും ഇടുക്കിയുടെ അതിര്‍ത്തി കടന്ന് പോവില്ല എന്നു കരുതാം, എന്നാലും ഓള്‍റെഡി രണ്ടിലയ്ക്ക് സ്വാധീനമുള്ള ജില്ലയില്‍ ചിഹ്നത്തില്‍ മാറ്റമില്ലാതെ ഒരു രാഷ്ട്രീയമാറ്റം സംഭവിച്ചാല്‍ അത് അവിടുള്ള പാവങ്ങള്‍ അറിഞ്ഞെന്നു തന്നെ വരില്ല (അതോ ജയലളിതയ്‍ക്കുള്ള വോട്ടാണെന്നു കരുതിയാണോ ഇപ്പോള്‍ ആളുകള്‍ മാണിസാറിന്റെ രണ്ടിലയില്‍ കുത്തുന്നത് ?).കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമൊക്കെ അവിടെയുമുള്ളതിനാല്‍ അവര്‍ക്കാര്‍ക്കും ഒരു പ്രശ്നം വരില്ല.മാണിസാറ് തയ്യാറായില്ലെങ്കിലും ജോര്‍ജിനും ജോസഫിനും എഐഎഡിഎംകെയില്‍ ലയിക്കാവുന്നതേയുള്ളൂ.ലയനം അവര്‍ക്കു പുത്തരിയല്ലല്ലോ.
എന്നാല്‍ ജോസഫ്,ജോര്‍ജ്,തോമസ്,ആഗസ്തി തുടങ്ങിയ പേരുകളുമായി തമിഴ്‍ ഇടുക്കിയില്‍ രഷ്ട്രീയപ്രവര്‍ത്തനം സാധ്യമാകുമോ എന്നു കണ്ടറിയണം.കയ്യിലിരിപ്പും ലുക്കും വച്ചു നോക്കുമ്പോള്‍ ഇടുക്കിയിലെ രഷ്ട്രീയനേതാക്കന്മാര്‍ക്ക് പറ്റിയ ഏതാനും തമിഴ്‍ പേരുകളും നിര്‍ദേശിക്കുന്നു. വേണോങ്കി എടുത്താല്‍ മതി.
പി.ജെ.ജോസഫ്- പനീര്‍ശെല്‍വം
പി.ടി.തോമസ്- മുരുകസ്വാമി
റോഷി അഗസ്റ്റിന്‍- ചിലമ്പരശന്‍
ഇ.എം.ആഗസ്തി- കുപ്പുസ്വാമി
ബിജിമോള്‍‍- പവിളമല്ലി
ഇടുക്കിയില്‍ പിന്നെ അച്ചായ്ന്മാര്‍ എന്നൊരിനം ഉണ്ടാവില്ല. പണ്ട് മാര്‍ത്തോമാശ്ലീഹാ നേരിട്ട് വന്ന് മാമ്മോദീസാ മുക്കിയ വിശേഷ ഇനം ക്രിസ്‍ത്യാനികളാണ് തങ്ങളെന്നവകാശപ്പെടുന്ന ഇവര്‍ക്ക് കൗണ്ടര്‍ സമുദായത്തില്‍ച്ചേര്‍ന്ന് അച്ചായത്വം നിലനിര്ത്താവുന്നതാണ്. പോക്കിരിരാജയിലെ മമ്മൂട്ടിയുടെ യൂണിഫോം കൗണ്ടറച്ചായന്മാര്‍ക്ക് ഔദ്യോഗികവേഷമായി സ്വീകരിക്കാം.പെണ്‍വാണിഭങ്ങള്‍ക്ക് പിന്നെ ഇടുക്കിയില്‍ സ്കോപ്പുണ്ടാവില്ല. എന്നാല്‍,സാംസ്കാരികജീവിതത്തില്‍ പുരുഷന്മാര്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഇത്ര കാലം എടീ പോടീ എന്നൊക്കെ വിളിച്ചുകൊണ്ടിരുന്ന ഭാര്യയെ ഇനി മുതല്‍ അമ്മാ, തായേ എന്നു വിളിക്കേണ്ടി വരുമെന്നതാണ്. പെറ്റമ്മയെ വേണമെങ്കില്‍ എടീ എന്നൊക്കെ വിളിക്കുകയും ചെയ്യാമെന്നു തോന്നുന്നു.
ഇടുക്കി തമിഴ്‍നാട്ടില്‍ ചേരുന്നത് കൊണ്ട് വല്ല ഗുണങ്ങളുമുണ്ടെങ്കില്‍ അത് ഇടുക്കിയിലെ സാധാരണ ജനങ്ങള്‍ക്കു മാത്രമായിരിക്കും. സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത ആ ജില്ലയ്‍ക്ക് തമിഴ്‍നാട് സര്‍ക്കാരിന്റെ വക അരി,വെളിച്ചെണ്ണ,ടിവി തുടങ്ങിയ സമ്മാനങ്ങള്‍ ലഭിക്കും.പുതിയ ജില്ല എന്ന നിലയ്‍ക്ക് ഒരു ഡസന്‍ പ്രത്യേക പാക്കേജുകളും ഉറപ്പ്. ഇപ്പോള്‍ അതിര്‍ത്തി കടത്തി,ചെക്പോസ്റ്റുകള്‍ വെട്ടിച്ച് തമിഴ്‍നാട്ടില്‍ കൊണ്ടുപോയി വില്‍ക്കുന്ന റബര്‍, ഏലക്കായ്,കുരുമുളക്,കഞ്ചാവ് തുടങ്ങിയ കാര്‍ഷിക-നാണ്യ-ലഹരിവിളകള്‍ തുടര്‍ന്ന് ധൈര്യസമേതം കൊണ്ടുപോയി വില്‍ക്കാം.
കശ്മീനിന്റെ കാര്യത്തിലെന്ന പോലെ ഇടുക്കിയുടെ കാര്യത്തിലും ഒരു ഹിതപരിശോധന വേണ്ടിവരുമെന്നാണ് തമിഴന്മാര്‍ പറയുന്നത്. അങ്ങനൊരക്രമം നടന്നാല്‍ പണി കിട്ടുമോ എന്നു പേടിയുള്ള സര്‍ക്കാര്‍ ഒരിക്കലും അതിനു സമ്മതിക്കില്ല എന്നും ഉറപ്പാണ്. തമിഴ്‍വികാരം മാനിച്ച് ഗൂഗിള്‍ മാപ്പുകാര് ഇടുക്കിയെ തമിഴ്‍നാടിന്റെ ഭാഗമാക്കി മാറ്റിവരച്ച് പുതിയ മാപ്പിറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. കാത്തിരിക്കാം, നല്ല വിശേങ്ങള്‍ക്കായി.

Comments